മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം സ്വർണക്കൊള്ളയും വിലക്കയറ്റവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരേ കൃത്യമായ കുറ്റപത്രം യുഡിഎഫ് സമർപ്പിച്ചിട്ടുണ്ട്. ശബരിമലയിൽ ഉൾപ്പെടെ കവർച്ച നടത്തി. സിപിഎം ഇത് ആദ്യം തള്ളാൻ നോക്കി. പിന്നെ ലഘൂകരിക്കാനായി ശ്രമം. അവസാനം വീഴ്ച സംഭവിച്ചുവെന്നു സമ്മതിച്ചു.
വീഴ്ച ഉദ്യോഗസ്ഥരുടെ ചുമലിൽ കെട്ടിവയ്ക്കാൻ നോക്കി. എന്നാൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് രൂപവത്കരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ എത്തിയിട്ടുള്ളതു സിപിഎം നേതാക്കളിലാണ്.
സ്വർണക്കവർച്ചയിലെ പ്രധാന സൂത്രധാരന്മാർ സിപിഎമ്മിന്റെ നേതാക്കളാണെന്നു തെളിഞ്ഞുവരികയാണ്. പ്രധാന പ്രതികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിലും പിറകോട്ടു പോയി. കൂടുതൽ പ്രതികളെ ഉൾപ്പെടുത്തുന്നതിൽനിന്നു പോലീസിനെ പിന്നോട്ടു വലിച്ചു. പൊതു സ്വത്തുക്കൾ മോഷ്ടിക്കുന്നവരും മോഷണത്തെ ന്യായീകരിക്കുന്നവരുമാണ് സിപിഎം നേതാക്കളെന്നു സ്വർണക്കൊള്ളയിലൂടെ തെളിഞ്ഞു. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി ജനങ്ങൾ അതിനെ കാണും- സണ്ണി ജോസഫ് പറഞ്ഞു.
വിലക്കയറ്റം തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന യുഡിഎഫിന്റെ കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. 2016ൽ 112 രൂപയുള്ള വെളിച്ചെണ്ണക്ക് 2025ൽ 480 രൂപയായി. 239 ശതമാനമാണു വർധിച്ചത്. വൈദ്യുതി ചാർജ് 160 ശതമാനം കൂടി. വെള്ളക്കരം 250 ശതമാനമാണ് എൽഡിഎഫ് സർക്കാർ കൂട്ടിയത്. അരി ഉൾപ്പടെയുള്ള എല്ലാ വസ്തുക്കളുടെയും വില വർധിച്ചു.
ഭൂനികുതി, കെട്ടിടനികുതി, കെട്ടിട നിർമാണ ഫീസ് എല്ലാം കനത്ത രീതിയിൽ വർധിപ്പിച്ചു. ജനങ്ങളുടെ ജീവിതഭാരം എല്ലാ രീതിയിലും ഇരട്ടിയാക്കി. ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയും തകർന്നു. രോഗികൾ ചികിത്സ ലഭിക്കാതെ ആത്മഹത്യ ചെയ്യുകയാണ്.
കത്രികയും പഞ്ഞിയും വയറ്റിലിട്ടു തുന്നിക്കെട്ടുന്ന സംഭവങ്ങൾ സാധാരണയായി മാറി. അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് യുവാക്കൾ നേരിടുന്നത്. ലിസ്റ്റിൽ ഉണ്ടായിട്ടും നിയമനം നടത്തുന്നില്ല. പകരം പിൻവാതിലിലൂടെ രാഷ്ട്രീയ നിയമനങ്ങൾ നടത്തി അത് സ്ഥിരപ്പെടുത്തുകയാണ്. കാർഷികമേഖല വലിയ പ്രതിസന്ധിയിലാണ്. വന്യമൃഗശല്യം തീർക്കാൻ നിയമ നിർമാണം നടത്തി എന്നു പറയുന്പോഴും അതിൽ നടപടി ഉണ്ടായില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നിയമഭേദഗതി സൃഷ്ടിച്ച് അത് കേന്ദ്രത്തിലേക്ക് അയയ്ക്കുക മാത്രമാണു ചെയ്തിട്ടുള്ളത്. എല്ലാ മേഖലയും തകർന്ന് ജനജീവിതം ദുസഹമാക്കിയ സർക്കാരിനെതിരേയുള്ള വിധിയെഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനമായിരുന്ന പെൻഷൻ പരിഷ്കരണം ഇത്രയും കാലം നടപ്പാക്കാതെ വച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് പ്രഖ്യാപിച്ചതു തികഞ്ഞ കാപട്യമണ്. നാലരവർഷം ഭരിച്ച പിണറായി വിജയന് ഇപ്പോഴാണ് പെൻഷൻ പരിഷ്കരണത്തിനു സമയം കിട്ടിയത്. ആത്മാർഥതയോടെയാണ് ഇതെങ്കിൽ മുൻകാല പ്രാബല്യത്തിൽ നടപ്പാക്കുകയാണ് വേണ്ടിയിരുന്നതെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.